08:36pm 30 April 2026
NEWS
കോൺഗ്രസിൽ നിന്ന് തരൂർ അകലുന്നു; ബി.ജെ.പിയിൽ ചേരില്ലെങ്കിലും ഉന്നത പദവികൾ വാഗ്ദാനം ചെയ്തതായി സൂചന
07/06/2025  09:22 AM IST
സുരേഷ് വണ്ടന്നൂർ
കോൺഗ്രസിൽ നിന്ന് തരൂർ അകലുന്നു; ബി.ജെ.പിയിൽ ചേരില്ലെങ്കിലും ഉന്നത പദവികൾ വാഗ്ദാനം ചെയ്തതായി സൂചന

കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിരന്തരം പ്രകീർത്തിക്കുന്ന നിലപാടുകളിലൂടെ കോൺഗ്രസിന് അനഭിമതനായ ശശി തരൂർ എം.പി, പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. എന്നാൽ, ബി.ജെ.പിയിൽ ചേരുന്നതിനു പകരം തരൂരിന് ചില ഉന്നത പദവികൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഉപരാഷ്ട്രപതി പദവി ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ ബി.ജെ.പി പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ സർവകക്ഷി സംഘത്തിൽ തരൂരിനെ ഉൾപ്പെടുത്തിയതും, അതിനുശേഷം അദ്ദേഹം മോദിക്കും കേന്ദ്രസർക്കാരിനും അനുകൂലമായ പ്രസ്താവനകൾ നടത്തിയതും കോൺഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനുമായുള്ള വെടിനിർത്തലിൽ യു.എസ് ഇടപെടലുണ്ടായെന്ന കോൺഗ്രസിന്റെ ആരോപണത്തെ തള്ളിക്കളഞ്ഞതും, രാഹുൽ ഗാന്ധിയുടെ "നരേന്ദ്ര മോദി യു.എസിന് കീഴടങ്ങി" എന്ന പ്രസ്താവനയെ തരൂർ തള്ളിക്കളഞ്ഞതും പാർട്ടിയിൽ അതൃപ്തി വർദ്ധിപ്പിച്ചു.

പാർട്ടി വിരുദ്ധ നിലപാടുകൾ ചൂണ്ടിക്കാട്ടി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുശേഷം കെ.പി.സി.സി തരൂരിനെതിരെ ശക്തമായ അച്ചടക്ക നടപടി ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കേന്ദ്ര സർക്കാരിനും മോദിക്കും അനുകൂലമായ പ്രസ്താവനകൾ നടത്തുന്നതിനെ കോൺഗ്രസ് എതിർത്തപ്പോഴും, രാജ്യതാത്പര്യമാണ് താൻ ഉയർത്തുന്നതെന്ന് പറഞ്ഞ് തരൂർ അതിനെ തള്ളിക്കളഞ്ഞു. കോൺഗ്രസ് നേതാക്കളുടെ വിമർശനങ്ങളെ അദ്ദേഹം വകവെക്കുന്നില്ലെന്നും, കേന്ദ്രസർക്കാരും ബി.ജെ.പിയും ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്നും വാർത്തകളിൽ പറയുന്നു. 

ജനങ്ങൾക്ക് തന്നെ വേണമെന്നാണ് കരുതുന്നതെന്നും, പാർട്ടി അത് മനസ്സിലാക്കിയില്ലെങ്കിൽ സ്വന്തം വഴിക്ക് പോകുമെന്നും തരൂർ പറഞ്ഞിരുന്നു.
2027-ൽ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന്റെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ, ആ സ്ഥാനത്തേക്ക് തരൂരിനെ പരിഗണിക്കുമെന്നാണ് അഭ്യൂഹം. അതിനുമുമ്പ് മറ്റുചില ഉന്നത പദവികളും കേന്ദ്രം നൽകിയേക്കും. പാർട്ടി വിടുകയാണെങ്കിൽ എം.പി സ്ഥാനം രാജിവച്ചേക്കുമെന്നും, അത് തിരുവനന്തപുരത്ത് ബി.ജെ.പിക്ക് പ്രതീക്ഷ നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.

"ദേശീയ താത്‌പര്യത്തിനായി പ്രവർത്തിക്കുന്നത് പാർട്ടി വിരുദ്ധമാകുന്നത് എങ്ങനെയെന്ന്" തരൂർ ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ചോദിച്ചു. "ഇക്കാലത്ത് നമ്മുടെ രാജ്യത്ത് ഒരു ദേശസ്നേഹിയാകാൻ ഇത്ര ബുദ്ധിമുട്ടാണോ" എന്നും അദ്ദേഹം ചോദിച്ചു. താൻ ഒരു ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും, ചിലർ എന്തുപറയുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും സർവകക്ഷി സംഘത്തിന്റെ ജോലികൾ സൂചിപ്പിച്ച് തരൂർ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img